Credit of videos goes to original uploaders, with thanks

Sunday, July 3, 2011

സംഗീത സംവിധാനം ആശയവ്യതിയാനം വരുത്തിയോ...?


       സംഗീത സംവിധാനം ആശയവ്യതിയാനം വരുത്തി എന്ന് എനിക്ക് തോന്നുന്ന ഒരു ഗാനമാണിത്. ആദ്യം ഒന്ന് കേട്ടു നോക്കൂ, പിന്നെ ഇതിന്റെ വരികള്‍ വായിക്കൂ....

guruvayoor | Online Karaoke
             ഗുരുവായൂരമ്പലനടയില്‍ ഒരു ദിവസം പോകുമെന്നും അവിടെ ചെന്നിട്ടുള്ള കാര്യങ്ങളുമാണല്ലോ ഇതിന്റെ ആശയം. വളരെ ലളിതമായ വാക്കുകളിലുള്ള ഈ ഗാനത്തിന്റെ സംഗീതം കേള്‍ക്കാന്‍ സുഖമുണ്ടാക്കുന്നുണ്ടെങ്കിലും അതിന്റെ അര്‍ത്ഥം മാറിപ്പോയില്ലേ എന്നൊരു സംശയം.
                   പല്ലവി മനസ്സിലാകും. അനുപല്ലവിയില്‍ ഓമല്‍ ചൊടികള്‍ ചുംബിക്കും, ഓടക്കുഴല്‍ ഞാന്‍ ചോദിക്കും... എന്നു പറയുന്നിടത്ത്, സാധാരണക്കാരനായ ഒരാള്‍ക്ക് മനസ്സിലാകുന്നത്, ഈ ഗായകന്‍ അല്ലെങ്കില്‍ നായകന്‍ അല്ലെങ്കില്‍ കവി, ഗുരുവായൂരമ്പലനടയില്‍ ചെന്ന്, ആദ്യം ഓമല്‍ ചൊടികളില്‍ ഒരു ചുംബനം നല്‍കും, പിന്നെ ആ ഓടക്കുഴല്‍ ചോദിക്കും... അടുത്ത വരികളില്‍ ….... മാനസകലികയിലമൃതം പകരും വേണുനാദം കേള്‍ക്കും.... (ആരുടെയോ അല്ലെങ്കില്‍ എല്ലാപേരുടെയും)മാനസകലികയില്‍ അമൃതം (കവി) പകര്‍ന്നിട്ട് വളരെ സ്വസ്ഥനായി ഇരുന്ന് ….... വേണുനാദം കേള്‍ക്കും... എന്നുമാണ്.
               പക്ഷേ, അതായിരിക്കുമോ കവി ഉദ്ദേശിച്ചത്? ഓമല്‍ ചൊടികള്‍ ചുംബിക്കുന്ന ഓടക്കുഴല്‍ ഞാന്‍ ചോദിക്കുമെന്നും, മാനസകലികലിയമൃതം പകരുന്ന വേണുനാദം കേള്‍ക്കുമെന്നും ആയിരിക്കില്ലേ?
         തുടര്‍ന്ന്, ….രാഗമരാളങ്ങളൊഴുകി വരും രാവൊരുയമുനാ നദിയാകും.... ഇവിടെയും രാഗമരാളങ്ങളൊഴുകിവരുന്ന രാവ് ഒരു യമുനാ നദിയെപ്പോലെ തോന്നിക്കുമെന്നാവില്ലേ കവി സങ്കല്‍പ്പം? അതുപോലെ …... ഓമല്‍ കൈവിരല്‍ ലാളിക്കും, ഓടക്കുഴല്‍ ഞാന്‍ മേടിക്കും... എന്നത് ഈ ഗാനം കേള്‍ക്കുമ്പോള്‍ ധ്വനിപ്പിക്കുന്നത്, ഭഗവാന്റെ ഓമല്‍ കൈവിരല്‍ ആദ്യം ലാളിച്ച ശേഷം ആ ഓടക്കുഴല്‍ ഞാന്‍ മേടിക്കും എന്നല്ലേ? ശരിയായ ആശയം ഓമല്‍ കൈവിരല്‍ ലാളിക്കുന്ന ഓടക്കുഴല്‍ ചോദിക്കും എന്നാവില്ലേ?
        അനാവശ്യമായ നിര്‍ത്തലുകള്‍ ആ വരികളുടെ ആശയത്തെ തെറ്റായി പ്രതിഫലിപ്പിച്ചോ?
         ചെറിയ ബുദ്ധിയില്‍ തോന്നിയ കാര്യങ്ങളാണ് ഇവ..... പക്ഷേ ഇതുകൊണ്ടൊന്നും ആ ഗാനത്തിന്റെ ആസ്വാദ്യതയും മഹത്വവും സൌന്ദര്യവും ഒന്നും ഒട്ടും കുറയുന്നില്ല എന്നത് സത്യമാണ്. ഇതൊക്കെ ശരിയല്ലെങ്കില്‍ അറിവുള്ളവര്‍ ദയവായി ഒന്ന് പറഞ്ഞു തരണേ..... നന്ദി......ചിത്രം : ഒതേനന്റെ മകന്‍
ഗാനരചന: വയലാര്‍
സംഗീതം : ദേവരാജന്‍
പാടിയത് : യേശുദാസ്
വര്‍ഷം : 1970
രാഗം : മോഹനം
രംഗത്ത് : പ്രേം നസീര്‍‌ , പത്മിനി

ഗുരുവായൂരമ്പല നടയില്‍ ഒരു ദിവസം ഞാന്‍ പോകും
ഗോപുര വാതില്‍ തുറക്കും, ഞാന്‍ ഗോപകുമാരനെ കാണും

ഓമല്‍ ചൊടികള്‍ ചുംബിക്കും
ഓടക്കുഴല്‍ ഞാന്‍ ചോദിക്കും
മാനസകലികയിലമൃതം പകരും
വേണുനാദം കേള്‍ക്കും
ശ്രീകൃഷ്ണ വേണുനാദം കേള്‍ക്കും....

രാഗമരാളങ്ങളൊഴുകി വരും
രാവൊരുയമുനാ നദിയാകും
നീലക്കടമ്പുകള്‍ താനേ പൂക്കും
താലവൃന്ദം വീശും, പൂന്തിങ്കള്‍
താലവൃന്ദം വീശും......

ഓമല്‍ കൈവിരല്‍ ലാളിക്കും
ഓടക്കുഴല്‍ ഞാന്‍ മേടിക്കും
ഞാനതിലലിഞ്ഞലിഞ്ഞില്ലാതാകും
ഗാനമായി തീരും, ശ്രീകൃഷ്ണ
ഗാനമായി തീരും....

===============================

ഈ ആശയം ആദ്യമായി പറഞ്ഞ എന്റെ പ്രിയ സുഹൃത്ത് ശ്രീ.രഘുനാഥിന് കടപ്പാട്.....

8 comments:

Gopakumar V S (ഗോപന്‍ ) said... Reply To This Comment

ഇതുകൊണ്ടൊന്നും ആ ഗാനത്തിന്റെ ആസ്വാദ്യതയും മഹത്വവും സൌന്ദര്യവും ഒന്നും ഒട്ടും കുറയുന്നില്ല എന്നത് സത്യമാണ്. ഇതൊക്കെ ശരിയല്ലെങ്കില്‍ അറിവുള്ളവര്‍ ദയവായി ഒന്ന് പറഞ്ഞു തരണേ..... നന്ദി......

Appu Adyakshari said... Reply To This Comment

"ഓമല്‍ ചൊടികള്‍ ചുംബിക്കുന്ന ഓടക്കുഴല്‍ ഞാന്‍ ചോദിക്കുമെന്നും, മാനസകലികലിയമൃതം പകരുന്ന വേണുനാദം കേള്‍ക്കുമെന്നും ആയിരിക്കില്ലേ?"

തീർച്ചയായും. ഇവിടെ ട്യൂൺ അർത്ഥ വ്യത്യാസം വരുത്തുന്ന രീതിയിൽ തോന്നിപ്പിക്കുന്നു... ഈയിടെ ഇറങ്ങിയ അൻവർ സിനിമയിലെ ഗാനം പോലെ "ഖൽബിലെത്തീ" ആണോ ഖൽബിലെ തീയാണോ" എന്ന് സംശയം ഉണ്ടാക്കുന്നതുപോലെ !!

ശ്രീ said... Reply To This Comment

ശരിയാണ്.

Abdulkader kodungallur said... Reply To This Comment

ശ്രീ ഗോപകുമാറിന്റെ സംശയം തികച്ചും ന്യായമാണ് . കാവ്യാമൃതം തുളുമ്പുന്ന ആ വരികളില്‍ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന ആശയങ്ങളെ താങ്കള്‍ പറഞ്ഞ രീതിയിലും വ്യാഖ്യാനിക്കാം .അപ്പോഴും കാര്യമായ അര്‍ത്ഥ വ്യത്യാസം സംഭവിക്കുന്നില്ല .തന്നെയുമല്ല ശക്തമായ കെട്ടുറപ്പോടെയും ശ്രദ്ധയോടെയും മുമ്പോട്ട്‌ നീങ്ങിയിരുന്ന ആത്മ സുഹൃത്തുക്കളായിരുന്നു കവിയും സംവിധായകനും. ആ നിലയ്ക്ക് അങ്ങിനെ ഒരാശയ വ്യതിയാനം സംഭവിച്ചാല്‍ വയലാര്‍ സമ്മതിക്കുമായിരുന്നില്ലല്ലോ .ഏതായാലും താങ്കളുടെ ഇത്തരം സൂക്ഷ്മ പരിശോധന താങ്കളില്‍ നിറഞ്ഞു നില്‍ക്കുന്ന സര്‍ഗ്ഗ സംവേദനത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു . തുടരുക .ഭാവുകങ്ങള്‍

ഉഷശ്രീ (കിലുക്കാംപെട്ടി) said... Reply To This Comment

ഗൊപനേ.... ഇതു കൊള്ളമല്ലോ. വാചകങ്ങള്‍ മുറിക്കുമ്പോള്‍ എന്തൊരു മാറ്റമാവരുന്നെ അല്ലെ? എന്നാലും ആ വരികളുടെ ഭംഗിയോ ആ സംഗീതത്തിന്റെ ഇമ്പമോ എന്തൊ ഇന്നും എന്നും ആ പാട്ടു കേള്‍ക്കുമ്പോള്‍ കിട്ടുന്ന സുഖം അനിര്‍വചനീയം.

കൂടുതല്‍ പോസ്റ്റ്സ് പ്രതീക്ഷിക്കുന്നു.മടിമാറിത്തുടങ്ങി അല്ലേ?

Sreejith Sarangi said... Reply To This Comment

ഗാനത്തില്‍ ''..ഗോപകുമാരനെ കാണും'' എന്ന് പരാമര്‍ശിക്കുന്നതുകൊണ്ടാണോ താങ്കള്‍ക്ക് ഈ പാട്ടിനോട് കൂടുതല്‍ ഇഷ്ടം? [:)]
മലയാളസിനിമാഗാനങ്ങളിലെ പല തെറ്റും ശ്രദ്ധിച്ചിരുന്നെങ്കിലും ഇത്തരം ഒരു പിഴവ് (?) ശ്രദ്ധിച്ചിരുന്നില്ല.. അത് ചൂണ്ടിക്കാണിച്ചതിന് നന്ദി...
'ഓമല്‍ചൊടികള്‍ ചുംബിക്കുമോടക്കുഴല്‍ ഞാന്‍ ചോദിക്കും...' എന്നായിരുന്നെങ്കില്‍ കണ്‍ഫ്യൂഷന്‍ ഒഴിവായേനേ.... (മഹാകവേ.. ക്ഷമിക്കുക.. അങ്ങയെ തിരുത്താന്‍ ഞാനാര്...?)

Muralee Mukundan , ബിലാത്തിപട്ടണം said... Reply To This Comment

അത് ശരി പാട്ടിന്റെ പാലാഴികൾ കടഞ്ഞേടുത്ത് വെണ്ണയും,മോരും വേർതിരിക്കുക്കയാണോ ഗോപൻ../
കൊള്ളാം..

Krishnan kothamangalam said... Reply To This Comment

You are correct... The meaning is changed.... Good observation....