ബിമൽ റോയിയുടെ
സംവിധാനത്തിൽ 1958-ൽ പുറത്തുവന്ന ചിത്രമാണ്
മധുമതി. ഋതിക് ഘട്ടക്ക് കഥയും രജീന്ദർ സിംഗ്
ബേദി തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. ദിലീപ് കുമാറും വൈജയന്തി മാലയും പ്രധാന
വേഷങ്ങളിൽ എത്തുന്ന മധുമതിയിൽ പ്രാൺ, ജോണി വാക്കർ, ജയന്ത്, രാമായൺ തിവാരി തുടങ്ങിയവർ
അഭിനയിക്കുന്നു. ബിമൽ റോയിയും ഋതിക് ഘട്ടക്കും ഒരുമിച്ച ഏകചിത്രമായ മധുമതി
ബോക്സോഫീസിലും സമൂഹത്തെ സ്വാധീനിച്ച ചിത്രമെന്ന നിലയിലും വളരെ പ്രസിദ്ധമാണ്. അക്കാലത്ത് നിരവധി അവാർഡുകൾ നേടിയ ഈ ചിത്രം,
1988-ൽ ജാനം ജാനം എന്ന പേരിൽ ഋഷി കപൂർ നായകനായി പുനഃസൃഷ്ടിക്കപ്പെട്ടു.
കഥാസാരം
കാറ്റും
മഴയും ഇടിവെട്ടുമുള്ള ഒരു രാത്രി ആനന്ദ് (ദിലീപ്
കുമാർ) തന്റെ സുഹൃത്തുമൊന്നിച്ച് കാറിൽ, ഭാര്യയെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടുവരാൻ
പുറപ്പെടുന്നു. പൊടുന്നനെ യാത്ര തടസ്സപ്പെട്ടതിനെ
തുടർന്ന് സുഹൃത്തുക്കൾ രണ്ടുപേരും അടുത്തു
കണ്ട വീട്ടിൽ അഭയം പ്രാപിക്കുന്നു. ആ വീട്
തനിക്ക് വളരെ പരിചിതമാണെന്ന് ആനന്ദിന് തോന്നി.
അത് തന്റെ പൂർവ്വ ജന്മമായിരുന്നോ എന്ന് അദ്ദേഹം സംശയിച്ചു.
ആനന്ദ് ഒരു
തടി എസ്റ്റേറ്റിന്റെ മാനേജരായാണ് ശ്യാംനഗറിൽ എത്തുന്നത്. ഒരു കലാകാരൻ കൂടിയായ അദ്ദേഹം ഒഴിവു സമയങ്ങളിൽ ആ
വനപ്രദേശമാകെ ചുറ്റിനടന്ന് കാഴ്ചകൾ കണ്ട് ആനന്ദിച്ചിരുന്നു. ഇതിനിടെയാണ് മധുമതി (വൈജയന്തിമാല) എന്ന വനവാസി യുവതിയെ
ശ്രദ്ധിക്കുന്നത്. അവളുടെ ഗാനങ്ങളിൽ അദ്ദേഹം
തന്നെത്തന്നെ മറന്നു. ഇതിനിടെ ആനന്ത് തന്റെ എസ്റ്റേറ്റ് ഉടമയായ ഉഗ്രനാരായൺ (പ്രാൺ), അവിടുത്തെ
ചില ഉദ്യോഗസ്ഥർ എന്നിവരുമായി തെറ്റുന്നു. മധുമതിയെ
കുറിച്ചുള്ള ചിന്തകളിൽ മുഴുകിയിരുന്ന അദ്ദേഹം അവളെ കാണാനും സ്വന്തമാക്കാനുമുള്ള ആഗ്രഹത്താൽ
തിരികെയെത്തുന്നു. മധുമതിയെയും കൊണ്ട് നാടുവിടാനൊരുങ്ങുമ്പോൾ
ഉഗ്രനാരായണിന്റെ ഗുണ്ടകൾ അദ്ദേഹത്തെ മർദ്ദിച്ചവശനാക്കി. ജീവൻ തിരിച്ചു കിട്ടിയെങ്കിലും മധുമതി നഷ്ടപ്പെട്ടതിലുള്ള
ദുഃഖം അദ്ദേഹത്തെ വല്ലാതെ അലട്ടി. ഒരിക്കൽ
വനത്തിലൂടെ സഞ്ചരിക്കുമ്പോൾ മധുമതിയുമായി വളരെയേറെ രൂപസാദൃശ്യമുള്ള ഒരു യുവതിയെ കണ്ടുമുട്ടുന്നു. തുടർന്ന് ഒരു ഹിന്ദി വാണിജ്യസിനിമയ്ക്ക് വേണ്ട ‘ട്വിസ്റ്റു’കളോടെ
കഥ ഒരു സസ്പെൻസ് ത്രില്ലറാകുന്നു.
ഗാനങ്ങൾ
ഈ ചിത്രത്തിൽ
ആകെ പന്ത്രണ്ട് ഗാനങ്ങളാണുള്ളത്. ഏതാണ്ടെല്ലാ
ഗാനങ്ങളും ഹിറ്റുകളായിരുന്നു. ചിത്രത്തിലെ
ഗാനങ്ങൾ ശൈലേന്ദ്ര എഴുതി സലിൽ ചൗധരി സംഗീതം
നൽകിയിരിക്കുന്നു. മുകേഷ്, മന്നഡേ, ലതാ മങ്കേഷ്കർ, മുഹമ്മദ് റാഫി, മുബാരക്ക് ബീഗം,
ആശാ ഭോസ്ലേ, സബിതാ ചൗധുരി, ഗുലാം മുഹമ്മദ്, ധിജൻ മുഖർജി എന്നിവർ പാടിയിരിക്കുന്നു.
ഈ ചിത്രത്തിലെ
പ്രസിദ്ധമായ 'ദിൽ തടപ്പ് തടപ്പ് ' എന്നു തുടങ്ങുന്ന ഗാനം ഗൃഹാതുരസ്മരണയുണർത്തുന്നു. മുകേഷും ലതാ മങ്കേഷ്ക്കറും ചേർന്ന് പാടിയിരിക്കുന്നു. ഈ ഗാനത്തിന്റെ സംഗീത സംവിധാനത്തെക്കുറിച്ച് അധികമാരും അറിയാത്ത ഒരു കഥയുണ്ട്, ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഏഷ്യയിലും മറ്റും
പര്യടനം നടത്തിയ പോളിഷ് നാടോടി സംഘത്തിന്റെ
ഒരു ഗാനത്തിന്റെ ഈണവുമായി ഇതിന് സാമ്യമുണ്ടത്രേ. ചൈനയിലും ജപ്പാനിലും വളരെ ജനപ്രിയമായിരുന്നു ആ കാലഘട്ടത്തിൽ
ഈ ഈണം. ഒരു പക്ഷേ ഭാരതത്തിലും ആ സംഗീത സംഘം
പര്യടനം നടത്തിയിരിക്കാം; ഈ ഈണം നമ്മുടെ സലിൽദായെ
സ്വാധീനിച്ചിരിക്കാം….
4 comments:
ഗൃഹാതുര സ്മരണയുണർത്തുന്ന മറ്റൊരു മാസ്മരിക സംഗീതം....
ആഹാ! നല്ലൊരു പാട്ടു തന്നെയാണിത്. പോളിഷ് ബാന്‍ഡും സുന്ദരം.....
ഇത്ര വലിയ ഗ്യാപ് ഇടാതെ ഇടയ്ക്കിടെ ഇമ്മാതിരി മധുര ഗാനങ്ങള്‍ പോസ്റ്റ് ചെയ്യുമല്ലോ...
Nostalgic......old Hindi songs reminds me of my father's memories ...he could sing well and he loved music...expecting that you'll post more such beautiful songs.......
ഗംഭീരം ! പറയാതെ വയ്യ ! ഒന്നിനൊന്നു മെച്ചപ്പെടുന്നുണ്ട് പരിഭാഷകൾ ..
ഓർമ ചെപ്പിലെ മണികിലുക്കത്തിനു താളം പകർന്നു തുടരട്ടെ ഈ അശ്വമേധം ..ആശംസകളോടെ അനിൽ പേയാട് .
Post a Comment