Credit of videos goes to original uploaders, with thanks

Friday, July 22, 2011

സുഖമുള്ള ഒരു പാട്ട്....

സുഖമുള്ള ഒരു പാട്ട്.... കേള്‍ക്കാനും കാണാനും....
സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തില്‍ നിന്ന് - പാടിയത് പുഷ്പവല്ലി
ഗാനരചന റഫീഖ് അഹമ്മദ് / സന്തോഷ് വര്‍മ്മ, സംഗീതം ബിജിബാല്‍



സാൾട്ട് ആന്റ് പെപ്പർ

ചെമ്പാവ് പുന്നെല്ലിൽ ചോറോ
നിന്റെ മുത്താരം മിന്നുന്ന മുല്ലപ്പൂച്ചിരിയോ (തന തിന്ത...)
മുളകരച്ചൊരുക്കിയ പരൽമീനിൻ കറി കൂട്ടിട്ട്
എരികുകൊണ്ടിടം കണ്ണ് തുടിച്ചവനേ...(തന തിന്ത...)

പഞ്ചാരപാലടപ്രഥമൻ
തൂശനിലതന്നിൽ വിളമ്പുമ്പോൾ ഒഴുകിടാതെ
വലംകൈയ്യാൽ ഇടംകൈയ്യാൽ വടിച്ചിട്ടും തടുത്തിട്ടും
പ്രണയംപോൽ പരക്കുന്ന മനപ്പായസം

മൂവാണ്ടൻ മാവിന്റെ കുളിര്...
വേനൽക്കനലൂട്ടി വിളഞ്ഞൊരു കനകച്ചെപ്പ് (തകതിന്ത...)
പഴമ്പുളിശ്ശേരിച്ചാറിൽ പിടിക്കുമ്പോൾ
വഴുക്കണ മധുരമാമ്പഴം പോലെ വലയ്ക്കുന്നോളേ (തന തിന്ത....)

വരിക്കപ്പൊൻചക്കേടെ മടല്...
കൊത്തിനറുനറെ അരിഞ്ഞിട്ടങ്ങുടച്ചൊരുക്കി
പഴുക്കപ്ലാവിലകൊണ്ട് കയിൽ കുത്തി ചുടുകഞ്ഞി
കുടിക്കുമ്പോൾ വിയർപ്പാറ്റാൻ അടുത്തുവായോ..(തന തിന്ത...)

വെൺമേഘപ്പത്തിരിതാളിൽ
നല്ല താറാവിൻ ചൂടുള്ള നാടൻകറി വേണ്ടേ (തന തിന്ത...)
കുഴച്ചുടച്ചൊരു പിടി പിടിക്കുവാൻ വിളമ്പട്ടേ
മുളങ്കുറ്റി നിറഞ്ഞൊരു പുട്ടൊരിക്കൽ കൂടി.... (തന തിന്ത....)

Wednesday, July 6, 2011

അങ്ങകലെ പകല്‍ വിടപറയുമ്പോള്‍ …...

      എന്റെ ഒരു ചെറിയ ഉദ്യമം..... പലപ്പോഴും മുകേഷിന്റെ മാസ്മരിക ശബ്ദത്തില്‍ ഹിന്ദിയിലെ അതിസുന്ദരമായ മെലഡികള്‍ പൂര്‍ണ്ണമായ അര്‍ത്ഥം മനസ്സിലാകാതെ, അതിന്റെ സംഗീതം മാത്രം ആസ്വദിക്കാറുണ്ടായിരുന്നു. പിന്നെപ്പിന്നെ വാക്കുകളുടെ ശരിയായ ഉച്ചാരണം ശ്രദ്ധിച്ചപ്പോള്‍ അതിന്റെ അര്‍ത്ഥം കൂടി മനസ്സിലാക്കാന്‍ ഒരു ശ്രമം നടത്തി.
  മുകേഷിന്റെ ശബ്ദം കൊണ്ടും സലില്‍ചൌധുരിയുടെ സംഗീതസംവിധാന മികവുകൊണ്ടും എന്നും എനിക്ക് പ്രിയങ്കരമായ ഒരു ഗാനം, അതിന്റെ അര്‍ത്ഥം വിവരിച്ചുകൊണ്ട് ഒന്ന് പങ്കുവയ്ക്കാന്‍ ഒരെളിയ പരിശ്രമം.... തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചു തരണേ....
         1970ല്‍ പുറത്തുവന്ന, ഋഷികേശ് മുഖര്‍ജി സംവിധാനം ചെയ്ത ആനന്ദ് എന്ന ചിത്രത്തില്‍ യോഗേഷിന്റെ വരികള്‍ക്ക് സലില്‍ചൌധുരി സംഗീതം നല്‍കി മുകേഷ് പാടിയ കഹീ ദൂര്‍ ജബ് ദില്‍ ധല്‍ ജായേ എന്ന ഗാനം എന്നും സുഖകരമായ ഒരു അനുഭവമായിരുന്നു. രാജേഷ്ഖന്ന, അമിതാഭ് ബച്ചന്‍ , ജോണിവാക്കര്‍ , സീമ, സുമിത്ര തുടങ്ങിയവായിരുന്നു ഇതിലെ താരങ്ങള്‍


Kahin Door Jab Din Dhal Jaye
saanjh Ki Dulhan Badan Churaaye Chupake Se Aaye

അങ്ങകലെ പകല്‍ വിടപറയുമ്പോള്‍
സന്ധ്യ  നവവധുവെപ്പോലെ മുഖം മറച്ച് നിശബ്ദം വന്നു
Mere Kayaalon Ke Aangan Mein
Koi Sapanon Ke Deep Jalaaye Deep Jalaaye
എന്റെ മനസ്സിന്റെ പൂന്തോട്ടത്തില്‍
ആരോ സ്വപ്നങ്ങളുടെ ദീപം തെളിച്ചു, ദീപം തെളിച്ചു
Kahin Door Jab Din Dhal Jaye
Saanjh Ki Dulhan Badan Churaaye Chupake Se Aaye
അങ്ങകലെ പകല്‍ വിടപറയുമ്പോള്‍
സന്ധ്യ  നവവധുവേപ്പോലെ മുഖം മറച്ച് നിശബ്ദം വന്നു
Kabhi Yunhin, Jab Huyi, Bojhal Saansen
Bhar Aayi, Baithe Baithe, Jab Yuhin Aankhen
Tabhi Machal Ke, Pyaar Se Chal Ke
Chhuye Koyi Mujhe Par, Nazar Na Aaye, Nazar Na Aaye
വെറുതേ ശ്വാസഗതിയുടെ വേഗത കൂടുമ്പോള്‍
അറിയാതെ കണ്ണുകള്‍ ഈറനണിയുമ്പോള്‍
അദൃശ്യമായി ആരോ എന്നെ സ്നേഹത്തോടെ  തലോടുന്നു
Kahin Door Jab Din Dhal Jaye
Saanjh Ki Dulhan Badan Churaaye Chupake Se Aaye
അങ്ങകലെ പകല്‍ വിടപറയുമ്പോള്‍
സന്ധ്യ നവവധുവേപ്പോലെ മുഖം മറച്ച് നിശബ്ദം വന്നു
Kahin To Ye Dil Kabhi Mil Nahin Paate
Kahin Se Nikal Aaye Janmon Ke Naate
ഈ മനസ്സുകള്‍ തമ്മില്‍ കണ്ടുമുട്ടാതിരുന്നാലും...
വിട്ടുപിരിയാത്ത ബന്ധമായി ജന്മാന്തരങ്ങള്‍ കഴിയും
Ghani Thi Ulajhan Bairi Apanaa Man
Apanaa Hi Hoke Sahe Dard Paraaye Dard Paraaye
എന്റെ മനസ്സ് വിങ്ങിവിതുമ്പുമ്പോഴും
മറ്റുള്ളവരുടെ വേദനകള്‍ ഞാന്‍ നെഞ്ചേറ്റുന്നു
Kahin Door Jab Din Dhal Jaye
Saanjh Ki Dulhan Badan Churaaye Chupake Se Aaye
അങ്ങകലെ പകല്‍ വിടപറയുമ്പോള്‍
സന്ധ്യ  നവവധുവേപ്പോലെ മുഖം മറച്ച് നിശബ്ദം വന്നു
Dil Jaane Mere Saare Bhed Ye Gahare
Ho Gaye Kaise Mere Sapane Sunahare
എന്റെ എല്ലാ രഹസ്യങ്ങളും മനസ്സിലേറ്റി
എന്റെ സ്വപ്നങ്ങള്‍ പൂവണിയുമ്പോള്‍ ….
Ye Mere Sapane Yahi To Hain Apane
Mujhase Juda Na Honge Inake Ye Saaye Inake Ye Saaye
ഇതെല്ലാം എന്റെ സ്വപ്നങ്ങള്‍ ….. എന്റെ മാത്രം സ്വപ്നങ്ങള്
എന്നെ വിട്ടകലാതെ അവയുടെ നിഴലുകളും...
Kahin Door Jab Din Dhal Jaye
Saanjh Ki Dulhan Badan Churaaye Chupake Se Aaye
അങ്ങകലെ പകല്വിടപറയുമ്പോള്
സന്ധ്യ  നവവധുവേപ്പോലെ മുഖം മറച്ച് നിശബ്ദം വന്നു.
Mere Kayaalon Ke Aangan Mein
Koi Sapanon Ke Deep Jalaaye Deep Jalaaye
എന്റെ മനസ്സിന്റെ പൂന്തോട്ടത്തില്‍
ആരോ സ്വപ്നങ്ങളുടെ ദീപം തെളിച്ചു, ദീപം തെളിച്ചു
പ്രശസ്ത ഗായകൻ ജഗ്‌ജിത് സിംഗ് മനോഹരമായി പാടിയിരിക്കുന്നത് കാണാം

Sunday, July 3, 2011

സംഗീത സംവിധാനം ആശയവ്യതിയാനം വരുത്തിയോ...?


       സംഗീത സംവിധാനം ആശയവ്യതിയാനം വരുത്തി എന്ന് എനിക്ക് തോന്നുന്ന ഒരു ഗാനമാണിത്. ആദ്യം ഒന്ന് കേട്ടു നോക്കൂ, പിന്നെ ഇതിന്റെ വരികള്‍ വായിക്കൂ....

guruvayoor | Online Karaoke
             ഗുരുവായൂരമ്പലനടയില്‍ ഒരു ദിവസം പോകുമെന്നും അവിടെ ചെന്നിട്ടുള്ള കാര്യങ്ങളുമാണല്ലോ ഇതിന്റെ ആശയം. വളരെ ലളിതമായ വാക്കുകളിലുള്ള ഈ ഗാനത്തിന്റെ സംഗീതം കേള്‍ക്കാന്‍ സുഖമുണ്ടാക്കുന്നുണ്ടെങ്കിലും അതിന്റെ അര്‍ത്ഥം മാറിപ്പോയില്ലേ എന്നൊരു സംശയം.
                   പല്ലവി മനസ്സിലാകും. അനുപല്ലവിയില്‍ ഓമല്‍ ചൊടികള്‍ ചുംബിക്കും, ഓടക്കുഴല്‍ ഞാന്‍ ചോദിക്കും... എന്നു പറയുന്നിടത്ത്, സാധാരണക്കാരനായ ഒരാള്‍ക്ക് മനസ്സിലാകുന്നത്, ഈ ഗായകന്‍ അല്ലെങ്കില്‍ നായകന്‍ അല്ലെങ്കില്‍ കവി, ഗുരുവായൂരമ്പലനടയില്‍ ചെന്ന്, ആദ്യം ഓമല്‍ ചൊടികളില്‍ ഒരു ചുംബനം നല്‍കും, പിന്നെ ആ ഓടക്കുഴല്‍ ചോദിക്കും... അടുത്ത വരികളില്‍ ….... മാനസകലികയിലമൃതം പകരും വേണുനാദം കേള്‍ക്കും.... (ആരുടെയോ അല്ലെങ്കില്‍ എല്ലാപേരുടെയും)മാനസകലികയില്‍ അമൃതം (കവി) പകര്‍ന്നിട്ട് വളരെ സ്വസ്ഥനായി ഇരുന്ന് ….... വേണുനാദം കേള്‍ക്കും... എന്നുമാണ്.
               പക്ഷേ, അതായിരിക്കുമോ കവി ഉദ്ദേശിച്ചത്? ഓമല്‍ ചൊടികള്‍ ചുംബിക്കുന്ന ഓടക്കുഴല്‍ ഞാന്‍ ചോദിക്കുമെന്നും, മാനസകലികലിയമൃതം പകരുന്ന വേണുനാദം കേള്‍ക്കുമെന്നും ആയിരിക്കില്ലേ?
         തുടര്‍ന്ന്, ….രാഗമരാളങ്ങളൊഴുകി വരും രാവൊരുയമുനാ നദിയാകും.... ഇവിടെയും രാഗമരാളങ്ങളൊഴുകിവരുന്ന രാവ് ഒരു യമുനാ നദിയെപ്പോലെ തോന്നിക്കുമെന്നാവില്ലേ കവി സങ്കല്‍പ്പം? അതുപോലെ …... ഓമല്‍ കൈവിരല്‍ ലാളിക്കും, ഓടക്കുഴല്‍ ഞാന്‍ മേടിക്കും... എന്നത് ഈ ഗാനം കേള്‍ക്കുമ്പോള്‍ ധ്വനിപ്പിക്കുന്നത്, ഭഗവാന്റെ ഓമല്‍ കൈവിരല്‍ ആദ്യം ലാളിച്ച ശേഷം ആ ഓടക്കുഴല്‍ ഞാന്‍ മേടിക്കും എന്നല്ലേ? ശരിയായ ആശയം ഓമല്‍ കൈവിരല്‍ ലാളിക്കുന്ന ഓടക്കുഴല്‍ ചോദിക്കും എന്നാവില്ലേ?
        അനാവശ്യമായ നിര്‍ത്തലുകള്‍ ആ വരികളുടെ ആശയത്തെ തെറ്റായി പ്രതിഫലിപ്പിച്ചോ?
         ചെറിയ ബുദ്ധിയില്‍ തോന്നിയ കാര്യങ്ങളാണ് ഇവ..... പക്ഷേ ഇതുകൊണ്ടൊന്നും ആ ഗാനത്തിന്റെ ആസ്വാദ്യതയും മഹത്വവും സൌന്ദര്യവും ഒന്നും ഒട്ടും കുറയുന്നില്ല എന്നത് സത്യമാണ്. ഇതൊക്കെ ശരിയല്ലെങ്കില്‍ അറിവുള്ളവര്‍ ദയവായി ഒന്ന് പറഞ്ഞു തരണേ..... നന്ദി......



ചിത്രം : ഒതേനന്റെ മകന്‍
ഗാനരചന: വയലാര്‍
സംഗീതം : ദേവരാജന്‍
പാടിയത് : യേശുദാസ്
വര്‍ഷം : 1970
രാഗം : മോഹനം
രംഗത്ത് : പ്രേം നസീര്‍‌ , പത്മിനി

ഗുരുവായൂരമ്പല നടയില്‍ ഒരു ദിവസം ഞാന്‍ പോകും
ഗോപുര വാതില്‍ തുറക്കും, ഞാന്‍ ഗോപകുമാരനെ കാണും

ഓമല്‍ ചൊടികള്‍ ചുംബിക്കും
ഓടക്കുഴല്‍ ഞാന്‍ ചോദിക്കും
മാനസകലികയിലമൃതം പകരും
വേണുനാദം കേള്‍ക്കും
ശ്രീകൃഷ്ണ വേണുനാദം കേള്‍ക്കും....

രാഗമരാളങ്ങളൊഴുകി വരും
രാവൊരുയമുനാ നദിയാകും
നീലക്കടമ്പുകള്‍ താനേ പൂക്കും
താലവൃന്ദം വീശും, പൂന്തിങ്കള്‍
താലവൃന്ദം വീശും......

ഓമല്‍ കൈവിരല്‍ ലാളിക്കും
ഓടക്കുഴല്‍ ഞാന്‍ മേടിക്കും
ഞാനതിലലിഞ്ഞലിഞ്ഞില്ലാതാകും
ഗാനമായി തീരും, ശ്രീകൃഷ്ണ
ഗാനമായി തീരും....

===============================

ഈ ആശയം ആദ്യമായി പറഞ്ഞ എന്റെ പ്രിയ സുഹൃത്ത് ശ്രീ.രഘുനാഥിന് കടപ്പാട്.....

രണ്ടു വാക്ക്

             ശാസ്ത്രീയ സംഗീതത്തില്‍ വലിയ അവഗാഹമൊന്നുമില്ലെങ്കിലും എല്ലാത്തരം ഗാനങ്ങളുടെയും ഒരു ആസ്വാദകനാണ് ഞാന്‍.  ഗാനത്തിന്റെ കേള്‍വി സുഖത്തിനൊപ്പം, എല്ലാപേരെയും പോലെ അതിന്റെ സാഹിത്യഭംഗിയും, പശ്ചാത്തലവും, പിന്നണിയും ഒക്കെ ശ്രദ്ധിക്കാറുണ്ട്.   പല സുഹൃദ്സംഗമങ്ങളിലും ഗാനങ്ങള്‍ ചര്‍ച്ചാവിഷയങ്ങളാകാറുണ്ട്. 
           വയലാര്‍ എന്ന വിസ്മയവും ശ്രീകുമാരന്‍‌തമ്പി എന്ന അതുല്യ പ്രതിഭയും ആണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനരചയിതാക്കള്‍ .  സലില്‍ ചൌധുരി, ദക്ഷിണാമൂര്‍ത്തി, എം.കെ.അര്‍ജ്ജുനന്‍ , രവീന്ദ്രന്‍, ജി.ദേവരാജന്‍ തുടങ്ങി സംഗീതസംവിധായകര്‍ എന്നും ഒരു അത്ഭുതം തന്നെ.  ഗായകരില്‍ യേശുദാസ്, ജയചന്ദ്രന്‍ പിന്നെ ഉണ്ണിമേനോനും ജി.വേണുഗോപാലും.  വാണീജയറാം എന്ന ഗായികയുടെ ശബ്ദവും വ്യക്തിത്വവും എന്നും ആരാധനയുണ്ടാക്കുന്നതാണ്.  എന്റെ കുട്ടിക്കാലം മുതല്‍ ഞാന്‍ കാണുന്നതാണ് എന്റെ നാട്ടുകാരികൂടിയായ മലയാളത്തിന്റെ സ്വന്തം കെ.എസ്സ്.ചിത്ര.  മലയാളത്തിന്റെ വാനം‌പാടിയെപ്പെറ്റി പറയാന്‍ ഒരിക്കലും വാക്കുകള്‍ മതിയാവില്ല.

             ഹിന്ദിയില്‍ മുകേഷ് ആണ് ഏറ്റവും ഇഷ്ടപ്പെട്ട ഗായകന്‍.  മെലഡി ആലപിക്കാനായി ജനിച്ച ശബ്ദം...ഗീതാ ദത്തിന്റെ ശബ്ദ-ഭാവ മാന്ത്രികത എന്നും ഗൃഹാതുരത്വം തന്നെ. 

             ഈ ബ്ലോഗില്‍ , എനിക്കിഷ്ടപ്പെട്ട ഗാനങ്ങളും, അവയിലെ പ്രത്യേകതകളും പങ്കുവയ്ക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.  കൂടുതല്‍ അറിവുകള്‍ പങ്കുവച്ചും, തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും പ്രോത്സാഹിപ്പിക്കണേ....